വിഷയത്തിൻ്റെ പരിഭാഷകൾ:
Full Description
ഇസ്ലാം
ശുദ്ധ പ്രകൃതിയുടെയും ബുദ്ധിയുടെയും സൗഭാഗ്യത്തിൻ്റെയും മതം
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ
എന്നെങ്കിലും നീ സ്വന്തത്തോട് ചോദിച്ചിട്ടുണ്ടോ?
ആരാണ് ആകാശങ്ങളെയും ഭൂമിയെയും അതിലുള്ള മഹത്തരമായ സൃഷ്ടികളെയും പടച്ചത് എന്ന്? ഇത്ര സൂക്ഷ്മവും കൃത്യവുമായ ഘടനയോടെ ഈ സംവിധാനത്തെ ക്രമപ്പെടുത്തിയത് ആരാണെന്ന്?
അനേകമനേകം വർഷങ്ങൾ അതികൃത്യമായ സംവിധാനത്തോടെ ഈ പ്രപഞ്ചം നിലകൊള്ളുന്നതും നിലനിൽക്കുന്നതും എങ്ങനെയാണെന്ന്?
ഈ പ്രപഞ്ചം; അത് തന്നെയാണോ സ്വയം അതിനെ സൃഷ്ടിച്ചത്? അതല്ലായെങ്കിൽ, ഒന്നുമില്ലായ്മയിൽ നിന്ന് ഈ പ്രപഞ്ചം തനിയെ രൂപപ്പെട്ടുവെന്നാണോ? യാദൃശ്ചികമായി ഇതങ്ങ് രൂപപ്പെട്ടുവെന്നാണോ?
ആരാണ് നിന്നെ സൃഷ്ടിച്ചത്?
നിൻ്റെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും, മറ്റുള്ള അനേകം ജീവിവർഗങ്ങളുടെ ശരീരങ്ങൾക്കും ഇത്രമാത്രം കൃത്യമായ സംവിധാനം നിശ്ചയിച്ചത് ആരാണ്?
ഉയർന്നു നിൽക്കുന്ന ഏതെങ്കിലുമൊരു ഭവനം ചൂണ്ടി 'ഇത് ആരും നിർമ്മിക്കാതെ ഉണ്ടായതാണെന്ന്' പറയാൻ ഒരാൾക്കും ധൈര്യമുണ്ടാവില്ല! ശൂന്യതയാണ് ഈ ഭവനത്തെ നിർമ്മിച്ചത് എന്നും ഒരാൾക്കും പറയുക സാധ്യമല്ല. ഇതൊന്നും സാധ്യമല്ലെങ്കിൽ എങ്ങനെയാണ് 'ഈ മഹത്തരമായ പ്രപഞ്ചം ഒരു സ്രഷ്ടാവില്ലാതെ ഉണ്ടായതാണെന്ന്' ഒരാൾക്ക് പറയാൻ സാധിക്കുക? പ്രപഞ്ചത്തിൽ കാണപ്പെടുന്ന കിറുകൃത്യമായ ഈ സംവിധാനം യാദൃശ്ചികമായി ഉണ്ടായതാണെന്ന് ഒരു ബുദ്ധിമാന് എങ്ങിനെയാണ് പറയാൻ കഴിയുക?!
ഈ പ്രപഞ്ചത്തിനും അതിലുള്ള സർവ്വ വസ്തുക്കൾക്കും ഒരു മഹാനായ സ്രഷ്ടാവുണ്ട് എന്നത് തീർച്ചയാണ്. അവനാണ് ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹു.
രക്ഷിതാവായ അല്ലാഹു നമ്മിലേക്ക് അവൻ്റെ ദൂതരെ നിയോഗിക്കുകയും, അവർക്ക് മേൽ തൻ്റെ ഗ്രന്ഥങ്ങൾ (സന്ദേശം) അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് വിശുദ്ധ ഖുർആൻ. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (ﷺ) യുടെ മേലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. അല്ലാഹു നിയോഗിച്ച അവൻ്റെ ദൂതന്മാരിലൂടെയും അവൻ്റെ വേദഗ്രന്ഥങ്ങളിലൂടെയും:
* അവൻ സ്വന്തത്തെ കുറിച്ചും, അവൻ്റെ വിശേഷണങ്ങളെ കുറിച്ചും, നമുക്ക് അവനോടുള്ള ബാധ്യതകളെക്കുറിച്ചും, നമ്മളോടുള്ള ബാധ്യതയായി അവൻ ഏറ്റ കാര്യങ്ങളെക്കുറിച്ചും വിവരിച്ചിരിക്കുന്നു.
* സർവ്വ പ്രപഞ്ചത്തെയും സൃഷ്ടിച്ച ലോകങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്നും, അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണെന്നും, ഒരിക്കലും മരിക്കാത്തവനാണെന്നും, സർവ്വ സൃഷ്ടികളും അവൻ്റെ നിയന്ത്രണത്തിലും അധികാരത്തിന് കീഴിലുമാണെന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു.
അല്ലാഹു എല്ലാം അറിയുന്നവനാണെന്നും, അവൻ്റെ അറിവ് സർവ്വ വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നുവെന്നും, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണെന്നും, ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ലെന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു.
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു. സർവ്വ സൃഷ്ടികളുടെയും ജീവനും ജീവിതവും അവനെ കൊണ്ട് മാത്രമാണ്. എല്ലാ സൃഷ്ടികളും നിലനിൽക്കുന്നത് അവൻ അവരെ നിലനിർത്തുന്നത് കൊണ്ട് മാത്രമാണ്. അല്ലാഹു പറയുന്നു:﴿اللَّهُ لا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ﴾ "അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവൻ്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻ്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ."(ബഖറ: 255)
എല്ലാ പൂർണ്ണതയുടെയും വിശേഷണങ്ങൾ ഉള്ളവനാണ് അല്ലാഹുവെന്നും, അവൻ്റെ സൃഷ്ടിപ്പിൻ്റെയും ശക്തിയുടെയും അത്ഭുതങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള ബുദ്ധിയും അവയവങ്ങളും അവൻ നമുക്ക് തന്നിട്ടുണ്ട് എന്നും അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ മഹത്വവും ശക്തിയും അവൻ്റെ വിശേഷണങ്ങളിലെ പൂർണ്ണതയും അതിലൂടെ മനുഷ്യന് തിരിച്ചറിയാൻ കഴിയുന്നു. അല്ലാഹുവിൻ്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കുന്നതും, യാതൊരു ന്യൂനതയും അവനില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതുമായ ശുദ്ധപ്രകൃതിയും അവൻ നമ്മിൽ രൂഢമൂലമാക്കിയിരിക്കുന്നു.
* അല്ലാഹു ആകാശങ്ങൾക്ക് മുകളിലാണുള്ളത് എന്നും, അവൻ പ്രപഞ്ചത്തിൻ്റെ ഉള്ളിലോ, പ്രപഞ്ചം അവനിൽ അലിഞ്ഞു ചേർന്ന വിധത്തിലോ അല്ലായെന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു.
* അല്ലാഹുവാണ് നമ്മുടെയും സർവ്വ പ്രപഞ്ചത്തിൻ്റെയും സ്രഷ്ടാവും നിയന്താവുമെന്നും, അവന് കീഴൊതുങ്ങുക എന്നത് നമ്മുടെ മേലുള്ള നിർബന്ധ ബാധ്യതയാണെന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു.
സ്രഷ്ടാവായ അല്ലാഹുവിനാകുന്നു മഹത്വത്തിൻ്റെ എല്ലാ വിശേഷണങ്ങളുമുള്ളത്. അവനൊരിക്കലും മറ്റൊരു വസ്തുവിനെ കൊണ്ട് എന്തെങ്കിലും ആവശ്യമില്ല. അവനിൽ യാതൊരു നിലക്കുമുള്ള കുറവുകളോ ന്യൂനതകളോ ഇല്ല. അവന് മറവി സംഭവിക്കുകയില്ല. അവൻ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. അവന് ഇണയുണ്ടാവുക എന്നതോ സന്താനമുണ്ടാവുക എന്നതോ ഒരിക്കലും ഉണ്ടാവുകയില്ല. സ്രഷ്ടാവായ അല്ലാഹുവിൻ്റെ മഹത്വത്തിന് വിരുദ്ധമാകുന്ന തരത്തിൽ ഏതൊരു വാക്ക് കണ്ടാലും മനസ്സിലാക്കുക; അതൊരിക്കലും അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർക്ക് ലഭിച്ച ശരിയായ സന്ദേശത്തിൻ്റെ ഭാഗമല്ലേയല്ല.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞതു നോക്കൂ:﴿قُلۡ هُوَ ٱللَّهُ أَحَدٌ * "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.ٱللَّهُ ٱلصَّمَدُ * അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.لَمۡ یَلِدۡ وَلَمۡ یُولَدۡ * അവൻ (ആരുടെയെങ്കിലും സന്തതിയായി) ജനിക്കുകയോ (ഒരു സന്താനത്തെ) ജനിപ്പിക്കുകയോ ചെയ്തിട്ടില്ലوَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ﴾ അവന് തുല്യനായി ആരും തന്നെ ഇല്ല."(ഇഖ്ലാസ്:1-4)
സ്രഷ്ടാവായ ഒരു രക്ഷിതാവുണ്ട് എന്ന് നീ വിശ്വസിക്കുന്നുണ്ടെങ്കിൽ... എന്നെങ്കിലുമൊരിക്കൽ നിൻ്റെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യത്തെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ?! എന്താണ് അല്ലാഹു നമ്മിൽ നിന്ന് ഉദ്ദേശിക്കുന്നതെന്നും, നമ്മൾ ഉണ്ടായതിൻ്റെ പിന്നിലുള്ള ലക്ഷ്യമെന്നും?
അല്ലാഹു നമ്മെ സൃഷ്ടിക്കുകയും, ശേഷം നമ്മെ അവഗണിച്ചു വിടുകയും ചെയ്തതാകാൻ സാധ്യതയുണ്ടോ? പ്രത്യേകിച്ചൊരു ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെയായിരിക്കുമോ അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്?
യഥാർത്ഥത്തിൽ നമ്മുടെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹു നമ്മുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണത്. അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹനെന്ന കാര്യവും അവൻ നമ്മെ അറിയിച്ചിരിക്കുന്നു. അവൻ അയച്ച ദൂതന്മാരിലൂടെ അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്ന കാര്യവും അവൻ നമുക്ക് വിവരിച്ചു തന്നിരിക്കുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും എങ്ങനെ അല്ലാഹുവിലേക്ക് സാമീപ്യം തേടണമെന്നും, എങ്ങനെ അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാമെന്നും അവൻ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. അതോടൊപ്പം അവൻ്റെ ശിക്ഷയിൽ നിന്ന് നമ്മെ അവൻ താക്കീത് ചെയ്യുകയും, മരണശേഷം നമ്മുടെ പര്യവസാനം എവിടെയായിരിക്കുമെന്ന് നമ്മെ അറിയിക്കുകയും ചെയ്തിരിക്കുന്നു.
ഈ ഐഹിക ജീവിതം കേവലം പരീക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും, യഥാർത്ഥവും പരിപൂർണ്ണവുമായ ജീവിതം മരണശേഷം പരലോകത്താണുള്ളത് എന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു.
അല്ലാഹു കൽപ്പിച്ചത് പ്രകാരം ആരെങ്കിലും അവനെ ആരാധിക്കുകയും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്താൽ ഇഹലോകത്ത് പരിശുദ്ധമായ ഒരു ജീവിതം അവന് ഉണ്ടായിരിക്കുന്നതാണെന്നും, പരലോകത്ത് ശാശ്വതമായ സുഖാനുഗ്രഹങ്ങൾ അവനുണ്ടായിരിക്കുമെന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു. എന്നാൽ ആരെങ്കിലും അല്ലാഹുവിനെ ധിക്കരിക്കുകയും അവനെ നിഷേധിക്കുകയും ചെയ്യുന്നുവെങ്കിൽ ഇഹലോകത്ത് ദൗർഭാഗ്യവും പരലോകത്ത് ശാശ്വതമായ ശിക്ഷയുമാണ് അവനെ കാത്തിരിക്കുന്നത്.
ഓരോരുത്തർക്കും അവർ ചെയ്ത നന്മകൾക്കും തിന്മകൾക്കും യാതൊരു പ്രതിഫലവും നൽകപ്പെടാത്ത വിധത്തിൽ ഈ ജീവിതം അവസാനിച്ചു പോവുക എന്നത് ശരിയല്ല എന്ന് നമുക്ക് ബോധ്യമുണ്ട്. അതിക്രമികൾക്ക് ശിക്ഷ നൽകപ്പെടാതെയും നന്മ ചെയ്തവർക്ക് പ്രതിഫലം നൽകപ്പെടാതെയും പോവുക എന്നത് എങ്ങനെയാണ് ശരിയാവുക?!
അല്ലാഹുവിൻ്റെ തൃപ്തി നേടാനും അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷ നേടാനും ഇസ്ലാമിൽ പ്രവേശിക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് നമ്മുടെ രക്ഷിതാവ് നമ്മെ അറിയിച്ചിരിക്കുന്നു. ഇസ്ലാം എന്നാൽ അല്ലാഹുവിന് പൂർണ്ണമായി ഒരാൾ സ്വന്തത്തെ സമർപ്പിക്കുക എന്നതാണ്. അവൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരു പങ്കുകാരനെയും നിശ്ചയിക്കാതിരിക്കുകയും, അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, അല്ലാഹുവിൻ്റെ മതനിയമങ്ങൾ തൃപ്തിയോടെയും മനസ്സറിഞ്ഞും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാം. ഇസ്ലാമല്ലാത്ത മറ്റൊരു മതവും ഒരാളിൽ നിന്നും അല്ലാഹു സ്വീകരിക്കുന്നതല്ല എന്നും അവൻ നമ്മെ അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:(وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ) "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന് നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും."(ആലു ഇമ്രാൻ: 85)
ജനങ്ങളിൽ അധികപേരും ഇന്ന് ആരാധിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളെ നോക്കൂ! ചിലർ മനുഷ്യരെ ആരാധിക്കുന്നു. മറ്റു ചിലർ വിഗ്രഹങ്ങളെ ആരാധിക്കുന്നു. ഇനിയും ചിലർ നക്ഷത്രങ്ങളെ ആരാധിക്കുന്നു. എന്നാൽ ബുദ്ധിയുള്ള ഒരു മനുഷ്യന് ലോകങ്ങളുടെ രക്ഷിതാവായ - എല്ലാ നല്ല വിശേഷണങ്ങളുടെയും പൂർണ്ണതയുള്ള - അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്. എങ്ങനെയാണ് അവൻ തന്നെ പോലെയുള്ള -അല്ലെങ്കിൽ അവനേക്കാൾ താഴെയുള്ള ഒരു സൃഷ്ടിയെ- ആരാധിക്കുക?! മനുഷ്യരോ വിഗ്രഹങ്ങളോ വൃക്ഷങ്ങളോ മൃഗങ്ങളോ ഒന്നും അവൻ്റെ ആരാധ്യനാകാൻ അനുയോജ്യരേയല്ല.
ഇസ്ലാമൊഴികെ, ഇന്ന് മനുഷ്യർ തങ്ങളുടെ മതമായി സ്വീകരിച്ചിട്ടുള്ള ഒരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അവ മനുഷ്യർ നിർമ്മിച്ചുണ്ടാക്കിയ മതങ്ങൾ മാത്രമാണ്. അതല്ലെങ്കിൽ തുടക്കത്തിൽ അല്ലാഹു അവതരിപ്പിച്ച മതമായിരുന്നെങ്കിലും കാലക്രമേണ മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായവയാണ്. എന്നാൽ ഇസ്ലാം ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മതമാണ്. അതിന് മാറ്റമോ വ്യത്യാസമോ ഉണ്ടാവുകയില്ല. ഈ മതത്തിൻ്റെ പ്രമാണവും അടിസ്ഥാന ഗ്രന്ഥവും വിശുദ്ധ ഖുർആനാണ്. അല്ലാഹു അവതരിപ്പിച്ച അവസ്ഥയിൽ ഒരു മാറ്റവുമില്ലാതെ നിലകൊള്ളുന്ന വേദഗ്രന്ഥമാണത്. അല്ലാഹുവിൽ നിന്നുള്ള അന്തിമ ദൂതനായ മുഹമ്മദ് നബി(ﷺ)യുടെ മേൽ അല്ലാഹു അവതരിപ്പിച്ച നിലയിൽ അതേ പോലെ മുസ്ലിംകളുടെ കൈകളിൽ ആ ഗ്രന്ഥം നിലനിൽക്കുന്നു.
അല്ലാഹു നിയോഗിച്ച എല്ലാ ദൂതന്മാരിലും വിശ്വസിക്കുക എന്നത് ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ ദൂതന്മാരെല്ലാം മനുഷ്യരിൽ പെട്ടവരായിരുന്നു. അവർക്കെല്ലാം അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളും ദൃഷ്ടാന്തങ്ങളും അല്ലാഹു നൽകിയിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുന്നതിലേക്കും ക്ഷണിക്കുന്നതിന് വേണ്ടിയാണ് ആ ദൂതന്മാരെയെല്ലാം അല്ലാഹു നിയോഗിച്ചത്.അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരിൽ അവസാനത്തെയാളാണ് മുഹമ്മദ് നബി (ﷺ). മുൻപുള്ള ദൂതന്മാരുടെ പക്കൽ നൽകപ്പെട്ട എല്ലാ മതനിയമങ്ങളെയും ദുർബലമാക്കുന്ന, അല്ലാഹുവിൽ നിന്നുള്ള ദൈവികമായ മതനിയമങ്ങളുമായാണ് അല്ലാഹു അവിടുത്തെ നിയോഗിച്ചത്. മുഹമ്മദ് നബി (ﷺ) ക്ക് അനേകം മഹത്തരമായ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും മഹത്തരമായിട്ടുള്ളത് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമായ വിശുദ്ധ ഖുർആനാണ്. മനുഷ്യകുലം കണ്ടതിൽ വെച്ചേറ്റവും മഹത്തരമായ ഗ്രന്ഥമാണത്. അതിൻ്റെ ഉള്ളടക്കവും പദഘടനയും വാചകങ്ങളും വിധിവിലക്കുകളുമെല്ലാം സൃഷ്ടികൾക്ക് ആർക്കും നിർമ്മിച്ചുണ്ടാക്കാൻ സാധ്യമല്ലാത്ത വിധത്തിൽ അത്ഭുതകരമാണ്. അറബിഭാഷയിൽ അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ, ഇഹപരലോകങ്ങളിലെ സൗഭാഗ്യത്തിലേക്ക് നയിക്കുന്ന സന്മാർഗത്തിലേക്കുള്ള മാർഗദർശനം അതിലുണ്ട്.
വിശുദ്ധ ഖുർആൻ സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അതൊരിക്കലും ഒരു മനുഷ്യൻ നിർമ്മിച്ചതല്ല എന്നും സംശയലേശമന്യേ ബോധ്യപ്പെടുത്തുന്ന അനേകം ബുദ്ധിപരവും വൈജ്ഞാനികവുമായ തെളിവുകളുണ്ട്.
മലക്കുകളിലും, അന്ത്യനാളിലും വിശ്വസിക്കുക എന്നതും ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ്. അല്ലാഹു മനുഷ്യരെ ഖബ്റുകളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ വിചാരണ നടത്തുകയും ചെയ്യുമെന്നും, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചവർക്ക് ശാശ്വതമായ സുഗാനുഗ്രഹങ്ങളുടെ സ്വർഗമുണ്ടെന്നും, അല്ലാഹുവിനെ നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് എന്നെന്നും നിലനിൽക്കുന്ന നരകശിക്ഷയുണ്ടെന്നുമുള്ള വിശ്വാസമാണ് അന്ത്യനാളിലുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.അല്ലാഹുവാണ് നന്മകളും തിന്മകളുമെല്ലാം വിധിച്ചത് എന്ന വിശ്വാസവും ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ്.
മനുഷ്യരുടെ ജീവിതത്തിൻ്റെ നിഖിലമേഖലകളെയും സ്പർശിക്കുന്ന ജീവിതമാർഗമാണ് ഇസ്ലാം. മനുഷ്യരുടെ ശുദ്ധപ്രകൃതിയോടും ബുദ്ധിയോടും അങ്ങേയറ്റം അത് യോജിക്കുന്നു. നേരായ മനസ്സുള്ളവർക്ക് അത് ഉൾക്കൊള്ളുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. തൻ്റെ സൃഷ്ടികൾക്കായി മഹാനായ സ്രഷ്ടാവ് നിശ്ചയിച്ച വിധിവിലക്കുകളാണത്. എല്ലാ നന്മകളുടെയും, ഇഹപരലോകങ്ങളിലെ സർവ്വ സൗഭാഗ്യങ്ങളുടെയും മതമാണത്.മനുഷ്യരിൽ ഏതെങ്കിലുമൊരു വർഗത്തെയോ നിറക്കാരെയോ അത് വേർതിരിച്ചു കാണുന്നില്ല. ജനങ്ങളെല്ലാം ഇസ്ലാമിൽ സമന്മാരാണ്; ഇസ്ലാമിൽ ഒരാൾക്കും മറ്റൊരാൾക്ക് മേലും യാതൊരു പ്രത്യേകതയുമില്ല; അവൻ്റെ സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ.
അല്ലാഹു പറയുന്നു:(مَنۡ عَمِلَ صَٰلِحا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِن فَلَنُحۡيِيَنَّهُۥ حَيَوٰة طَيِّبَة وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ) "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും."(നഹ്ൽ: 97)
അല്ലാഹുവിനെ തൻ്റെ രക്ഷിതാവും ആരാധ്യനുമായി അംഗീകരിക്കുകയും, ഇസ്ലാമിനെ തൻ്റെ മതമായി സ്വീകരിക്കുകയും, മുഹമ്മദ് നബി (ﷺ) യെ തൻ്റെ ദൂതനായി തൃപ്തിപ്പെടുകയും, അങ്ങനെ ഇസ്ലാമിൽ പ്രവേശിക്കുകയും ചെയ്യുക എന്നത് ഓരോ മനുഷ്യനും മേലും നിർബന്ധമായ -അവന് ഒരിക്കലും ഒഴിച്ചു നിർത്താൻ പാടില്ലാത്ത- കാര്യമാണെന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു ആവർത്തിച്ചാവർത്തിച്ച് ഓർമ്മപ്പെടുത്തിയിരിക്കുന്നു. അന്ത്യനാളിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുമെന്നും, അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമെന്നും, അവരിൽ സത്യസന്ധമായ വിശ്വാസമുള്ളവർക്ക് വിജയവും രക്ഷയുമുണ്ടായിരിക്കുമെന്നും, അവരെ നിഷേധിച്ചവർക്ക് വ്യക്തമായ നഷ്ടമാണ് നേരിടേണ്ടി വരികയെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു.
അല്ലാഹു പറയുന്നു:(... وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰت تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ، "ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدا فِيهَا وَلَهُۥ عَذَاب مُّهِين) ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്."(നിസാഅ്: 13-14)
ഒരാൾ ഇസ്ലാമിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അവൻ ചെയ്യേണ്ടത് ഇത്രമാത്രമാണ്. (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ ദൂതനാണെന്നും) അറിയിക്കുന്ന 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനം അതിൻ്റെ അർത്ഥവും ആശയവും അറിഞ്ഞു കൊണ്ടും, അതിൽ വിശ്വസിച്ചു കൊണ്ടും ഉച്ചരിക്കുക. ഇതോടെ അവൻ മുസ്ലിമാകുന്നതാണ്. പിന്നീട് അല്ലാഹു തൻ്റെ മേൽ നിർബന്ധമാക്കിയ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് വേണ്ടി, ഇസ്ലാമിലെ മറ്റു വിധിവിലക്കുകളും നിയമങ്ങളും അവൻ ക്രമേണയായി പഠിച്ചു മനസ്സിലാക്കേണ്ടതാണ്.
ശുദ്ധ പ്രകൃതിയുടെയും ബുദ്ധിയുടെയും സൗഭാഗ്യത്തിൻ്റെയും മതം